കിഴക്കമ്പലം സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ആദ്യ സംരംഭമായ സെൻ്റ് ആൻ്റണീസ് എൽ പി സ്കൂൾ ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ഇന്ന് എല്ലാവരാലും അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. ലോകം മുഴുവൻ ആയിരക്കണക്കിന് വിദ്യാർത്ഥികളെ അക്ഷര ലോകത്തിലൂടെ കൂട്ടിക്കൊണ്ടുപോയി ഇന്ന് അവരെ വിവിധ മേഖലകളിലെ തിളക്കമാർന്ന നേട്ടത്തിനുടമകളാക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് കടന്നുപോന്ന വഴികളിൽ ഒട്ടേറെ മികവുകളുടെ പടവുകൾ കയറിയാണ് വിദ്യാലയം ഇന്നത്തെ നിലയിലെത്തിയത്. ഇന്ന് കോലഞ്ചേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായി ഏറ്റവും മികച്ച വിദ്യാലയങ്ങളുടെ മുൻനിരയിൽ ജൈത്രയാത്ര തുടരുമ്പോൾ ,ഇന്നത്തെ നിലയിലേക്ക് വിദ്യാലയത്തെ വളർത്തുന്നതിനായി പ്രയത്നിക്കുകയും സഹായസഹകരണങ്ങളുമായി ഒപ്പം നിൽക്കുകയും ചെയ്ത മുൻ മാനേജ്മെൻ് അംഗങ്ങളേയും അധ്യാപകരേയും പൂർവ്വവിദ്യാർമികളേയും മറ്റനേകരേയും ഏറെ കൃതാർത്ഥതയോടെ സ്മരിക്കുന്നു. ഇന്ന് നമ്മുടെ വിദ്യാലയത്തിന് സംസ്ഥാനത്തെ ഏതൊരു പൊതുവിദ്യാലയത്തിനും മാതൃകയാക്കാവുന്ന ഭൗതികസൗകര്യങ്ങളും, ഏറ്റവും നൂതനസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന പഠനസാഹചര്യങ്ങളും , മാതൃകാപരമായ പഠനതന്ത്രങ്ങളും മികവുമുള്ള അധ്യാപകരുമുണ്ട് എന്നതുതന്നെയാണ് വിദ്യാലയം കൈയെത്തിപ്പിടിക്കുന്ന ഓരോ നേട്ടങ്ങളുടേയും പിന്നിലുള്ള മൂലധനം . ആധുനിക രീതിയിലുള്ള സ്മാർട്ട് ക്ലാസ്സ് റൂമുകൾ , ജീനി സോഫ്റ്റ് വെയർ , ചിൽഡ്രൻസ് പാർക്ക് , ജിംനേഷ്യം, നീന്തൽക്കുളം , തുടങ്ങിയവ വിദ്യാലയത്തിൽ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ പിന്തുണയ്ക്കായി ക്രമീകരിച്ചിട്ടുണ്ട്. പച്ചപ്പും പക്ഷിമൃഗാദികളും നിറഞ്ഞ ജൈവാന്തരീക്ഷം വിദ്യാലയത്തെ അക്ഷരാർത്ഥത്തിൽ ഹരിതവിദ്യാലയമാക്കുന്നു. ഉപജില്ല കലാ,കായിക പ്രവൃത്തിപരിചയ മേളകളിൽ എല്ലാ വർഷവും കരസ്ഥമാക്കുന്ന ഉന്നത വിജയങ്ങൾക്കു പിന്നിൽ അധ്യാപകരുടേയും അനധ്യാപകരുടേയും മാനേജ്മെൻ്റ്ൻ്റെയും എഡ്യൂക്കേഷണൽ ട്രസ്റ്റിൻ്റേയും പി.റ്റി.എ എം.പി .റ്റി .എ സംഘടനകളുടെയും രക്ഷിതാക്കളുടേയും സ്തുത്യർഹമായ പ്രവർത്തനമാണ്. 2024 - 25 അധ്യയന വർഷത്തിൽ 205 കൈയെഴുത്തുമാസികകൾ പ്രസിദ്ധീകരിച്ചുകൊണ്ട് വിദ്യാലയം ദേശീയ അംഗീകാരം നേടി. കൂടാതെ ശ്രേഷ്ഠവിദ്യാലയ പുരസ്കാരം ഹരിതവിദ്യാലയ അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ വിദ്യാലയത്തെ തേടിയെത്തുന്നത് അഭിമാനത്തോടെ സ്മരിക്കുന്നു. നിങ്ങളുടെ കുട്ടിയുടെ പാഠ്യ പാഠ്യേതരവിഷയങ്ങളിൽ മാത്രമല്ല . മാനവിക മൂല്യങ്ങളുളള നല്ല മനുഷ്യരായി വളരാനുള്ള വിദ്യാലയാന്തരീക്ഷവും പഠനസൗകര്യങ്ങളുമായി വിദ്യാലയം നിങ്ങളെ കാത്തിരിക്കുന്നു. പുതിയ തലമുറ അതേറ്റവും മികവുള്ളതാക്കുവാൻ നടത്തുന്ന യജ്ഞത്തിൽ നമുക്ക് ഒരുമിച്ചു നില്ക്കാം

V. Rev. Fr. Francis Arickal
Manager